:: നമ്മുടേ നാട് തൊട്ടരികത്ത് ::

മ്മുടെ നാടിന്റെ അഭിമാനമായ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യസ സ്ഥാപനങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, സാംസ്കാരിക- കലാ നിലയങ്ങള്‍ മുതലായവയെക്കുറിച്ച് ഒരു ലഘു നിഘണ്ടു. കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നു. adminpld.institute@blogger.com എന്ന ഈ വിലാസത്തില്‍ മലയാള്ത്തിലോ, ഇംഗ്ലീഷിലോ വിവരങ്ങള്‍ പങ്കുവയ്ക്കാം. സഹകരിക്കുക..... വിജയിപ്പിക്കുക...

International


 പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് (ടി.ബി.ജി ആര്‍.ഐ) 

വിചിത്ര സസ്യങ്ങളുടെ വിശുദ്ധഭൂമിയായ പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് (ടി.ബി.ജി ആര്‍.ഐ) ഒരുക്കിയിട്ടുള്ള സസ്യലോകത്തിലൂടെ അറിവിന്റെ ആനന്ദവും കാഴ്ചകളുടെ വിസ്മയവും നിറഞ്ഞ ഒരു യാത്ര......

ഈ യാത്ര എവിടേക്കുമല്ല, മരങ്ങളുടെയും ചെടികളുടെയും വള്ളിപ്പടര്‍പ്പുകളുടെയും പൂക്കളുടെയും ഹൃദയങ്ങളിലേക്കാണ്.

തിരുവനന്തപുരം ജില്ലയിലെ പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ഒരു ഗവേഷണ സ്ഥാപനമാണ്. സസ്യങ്ങളെക്കുറിച്ച് ഗവേഷണങ്ങള്‍ നടക്കുന്ന ഏഷ്യയിലെ തന്നെ പ്രശസ്തമായ സ്ഥാപനം. സഞ്ചാരം ഗവേഷണകേന്ദ്രത്തിലേക്കോ എന്ന് ചോദ്യമുയരാം. പക്ഷേ, നിങ്ങള്‍ പ്രകൃതിയെ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ മനുഷ്യന്‍ തീര്‍ത്ത ഈ വിസ്മയ പ്രപഞ്ചം നിങ്ങളെ സന്തോഷിപ്പിക്കും.

ഇവിടെ കാടുണ്ട്. മറ്റൊരു കാട്ടിലും ഒരുമിച്ചുകാണാത്ത മരങ്ങള്‍ തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുന്ന കാട്. ചുറ്റിയൊഴുകുന്ന ചിറ്റാറ്. നാട്ടിലും മറുനാട്ടിലുമുള്ള മുളകള്‍ ഒരുമിച്ചു മൂളുന്ന മുളങ്കാട്. കള്ളിമുള്‍ച്ചെടികള്‍ കടുംവര്‍ണങ്ങളില്‍ പൂത്തുനില്‍ക്കുന്ന മരുഭൂമി. ആയുസ്സിലേക്ക് മരുന്നായി കിനിഞ്ഞിറങ്ങുന്ന ഔഷധച്ചെടികള്‍. ആനത്താമരകള്‍ പൂത്തുനില്‍ക്കുന്ന ജലാശയങ്ങള്‍. ഓര്‍ക്കിഡുകളുടെ കൂട്ടപ്രാര്‍ഥന. ചെടികള്‍ പുസ്തകങ്ങളായിരിക്കുന്ന ഹെര്‍ബേറിയം. ഈ ഭൂമിയിലേക്കുള്ള യാത്ര അറിവിനായുള്ള യാത്രയാണ്. അതുകൊണ്ട് ഇവിടെപ്പതിയുന്നതില്‍ ഏറെയും കുട്ടികളുടെ കാല്‍പ്പാടുകളാണ്. തിരുവനന്തപുരം -ചെങ്കോട്ട റോഡില്‍ പാലോട്ടുനിന്ന് ഏഴുകിലോമീറ്റര്‍ പിന്നിടുമ്പോള്‍ ടി.ബി.ജി.ആര്‍.ഐ. ജങ്ഷന്‍. ഇവിടെനിന്ന് വലത്തോട്ട് തിരിഞ്ഞാല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവേശനകവാടമായി. ഇനി സസ്യങ്ങളുടെ വിവിധ ലോകങ്ങളിലൂടെയുള്ള യാത്രയാണ്.

പനകളുടെ തോട്ടത്തില്‍. നാട്ടിലും വിദേശത്തുമുള്ള 120 ഓളം ജാതി പനകള്‍. ഒരടിമാത്രം വളരുന്നതുതൊട്ട് നൂറടിവരെ വളരുന്നവ. ചിലിയില്‍ നിന്നുള്ള കുഞ്ഞന്‍പന. ബര്‍മയില്‍ നിന്നുള്ള ഒലട്ടി. സസ്യലോകത്തെ വിചിത്രമായ കാഴ്ചകള്‍ തുടങ്ങുന്നതേയുള്ളൂ.

കല്ലായി മാറിപ്പോയ ഒരു മരക്കുറ്റിയുണ്ട് ഈ വഴിയില്‍. അതൊരു ഫോസിലാണ്. 20-22 ദശലക്ഷം വര്‍ഷം പഴക്കമുള്ള മരത്തിന്റെ ഫോസില്‍. തമിഴ്‌നാട്ടിലെ തെക്കേ ആര്‍ക്കാട്ടിലെ തിരുവക്കരൈ ഫോസില്‍ ഗാര്‍ഡനില്‍ നിന്ന് കൊണ്ടുവന്നത്.

ഇനി ഔഷധച്ചെടികളുടെ തോട്ടം. ഇവിടെ എണ്ണൂറിലേറെ ജാതികളിലായി ആയിരത്തോളം ഇനങ്ങളുണ്ട്. എല്ലാറ്റിനും പേരറിയിക്കുന്ന ബോര്‍ഡും. കേട്ടറിവ് മാത്രമുള്ള ആരോഗ്യരക്ഷകരായ ചെടികളെ ഇവിടെ മുഖാമുഖം കാണാം. അവയുടെ മണമറിയാം. ഇലയും പൂവും കായുമായി അവയുടെ അടയാളങ്ങളറിയാം.

നില്‍ക്കൂ. വഴിയരികില്‍ മറ്റൊരു കൗതുകലോകം. കുഞ്ഞന്‍ ആലുകളുടെ തോട്ടം. പലജാതി ആല്‍മരങ്ങളുടെ എണ്‍പതോളം ബോണ്‍സായികള്‍. കൃഷ്ണനാലിന്റെ ഇലകള്‍ വെണ്ണക്കപ്പുപോലെയാണ്. ഇല ഞെട്ടിനോട് ചേര്‍ന്ന്പിറകില്‍ സ്വയമുണ്ടായ കുമ്പിളുകള്‍. വെണ്ണകോരാന്‍ ഇതിലും ചേര്‍ന്ന ഇലക്കുമ്പിള്‍ വേറെയുണ്ടോ?


വഴിയുടെ മറുവശത്ത് ശാന്തമായ തടാകം. ബൊട്ടാണിക് ഗാര്‍ഡനെ ചുറ്റിയൊഴുകുന്ന ചിറ്റാറിന്റെ കൈവഴികളിലൊന്നില്‍ തടയണകെട്ടി തീര്‍ത്തതാണ് ഈ തടാകം. ഇതിന്റെ കരയില്‍ 55 എക്കറോളം വിസ്തൃതിയുള്ള കാട്. ഒരു മൊട്ടക്കുന്നില്‍ പലജാതി മരങ്ങള്‍ നട്ടുവളര്‍ത്തിയുണ്ടാക്കിയതാണിത്. മറുവശത്ത് ഒരു വെള്ളച്ചാട്ടം.

സന്ദര്‍ശകര്‍ക്കുള്ള സങ്കേതത്തിന്റെ പിറകില്‍ ചെറിയ തടാകത്തിലേക്ക് ആകാംക്ഷയോടെ നോക്കുന്ന കുഞ്ഞുങ്ങള്‍. ജയന്റ് വാട്ടര്‍ ലില്ലി എന്ന ആനത്താമരയാണവിടെ. ലോകത്തിലേക്ക് ഏറ്റവും വലിയ ഇലകള്‍ ഇതിന്‍േറതാണ്. ബ്രസീലില്‍ നിന്നുള്ള ചെടിയാണിത്. ഒരു ഇലയ്ക്ക് ആറടിയോളം വ്യാസമുണ്ടാവും. പക്ഷേ, നമ്മുടെ നാട്ടില്‍ ഇതിന് അത്രയും വളര്‍ച്ചയില്ല. അടുത്തുതന്നെ കുഞ്ഞുങ്ങളെ ആകര്‍ഷിക്കുന്ന ഇരപിടിയന്‍ പാത്രച്ചെടികള്‍. പ്രാണികളെ അലിയിച്ച് തിന്നുന്ന ഈ മാംസഭോജിച്ചെടികളെ എത്ര കണ്ടാലാണ് കുഞ്ഞുങ്ങള്‍ക്ക് മതിയാവുക? അരികില്‍ അശോകമരത്തിന്റെ വിഭാഗത്തില്‍പ്പെട്ട അംഹേസ്റ്റിയ നോബിലസ് എന്ന മരം. തൊങ്ങലുകള്‍ പോലുള്ള ചുവന്ന പൂക്കള്‍. ലോകത്തെ ഏറ്റവും മനോഹരമായ മരങ്ങളുടെ കൂട്ടത്തില്‍പ്പെടുന്ന ഈ മരത്തിന്റെ ചുവട്ടിലാണ് അശോകവനിയില്‍ സീതയിരുന്നതെന്നാണ് ഐതിഹ്യം. മിത്തിന്റെ നിഗൂഢചരിത്രം പേറുന്ന മരം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വന്യജാതി ഓര്‍ക്കിഡുകളുള്ളത് ഇവിടെയാണ്. ഓരോ ഓര്‍ക്കിഡിനെയും സയന്റിസ്റ്റായ ഡോ. സി. സതീഷ്‌കുമാര്‍ പരിചയപ്പെടുത്തി. അറുന്നൂറില്പരം ഓര്‍ക്കിഡുകളുണ്ടിവിടെ. ഏഴു ടണ്ണോളംപോന്ന ടൈഗര്‍ ഓര്‍ക്കിഡുമുതല്‍ ഇനിയും പേരിടാത്തതുവരെ. പല ഭൂഖണ്ഡങ്ങളില്‍ നിന്ന് എത്തിയവ. ഇടയ്ക്ക് സാധാരണമുളകിന്റെ നൂറിരട്ടി എരിവുള്ള നാഗാര്‍ മിര്‍ച്ചിനെയും കണ്ടു.

ഇരുമ്പുമുളയും കൊടക്കാല്‍ മുളയും വള്ളിമുളയും ഒക്കെയുള്ള മുളന്തോട്ടത്തില്‍ വേണമെങ്കില്‍ ഒരു ട്രക്കിങ് ആവാം. ഒരു ദിവസം 92 സെന്റീമീറ്റര്‍ വരെ വളരുന്ന മുള മുതല്‍ തറയില്‍ പറ്റിവളരുന്ന മുളവരെ. ഏറ്റവും കുറഞ്ഞ ചെലവില്‍ മുളയുടെ തൈകളുണ്ടാക്കാനുള്ള രീതി വികസിപ്പിച്ചത് ഇവിടത്തെ ഗവേഷണഫലമായാണെന്ന് മുളങ്കാട്ടില്‍ ഒപ്പം നടക്കുമ്പോള്‍ ഡോ. കെ.സി. കോശി പറഞ്ഞു.

കാഴ്ചകള്‍ തീരുന്നില്ല. പന്നല്‍ച്ചെടികളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ശേഖരം ഇവിടെയാണ്. മയില്‍പ്പീലിപോലെ നിറംമാറുന്ന പന്നല്‍ച്ചെടി കണ്ടിട്ടുണ്ടോ? കള്ളിമുള്‍ച്ചെടികളുടെ പൂക്കള്‍ക്ക് എന്തൊരു അഴകാണെന്നോ? ഉള്ളംകൈയിലൊതുങ്ങുന്ന കൈതച്ചക്ക മെഴുകില്‍ ഉണ്ടാക്കിയതാണെന്നേ തോന്നൂ.

കേരളത്തിലെ സസ്യങ്ങളെപ്പറ്റിയുള്ള സമഗ്രപുസ്തകമായ ഹോര്‍ത്തൂസ് മലബാറിക്കൂസ് തയ്യാറാക്കാന്‍ വാന്‍ റീഡിനെ സഹായിച്ച ഇട്ടി അച്യുതന്‍ എന്ന നാട്ടുവൈദ്യന് എവിടെയെങ്കിലും സ്മാരകമുണ്ടെങ്കില്‍ അതിവിടെത്തന്നെ. ചിറ്റാര്‍പ്പുഴയുടെ തീരത്ത് പ്രശാന്തമായ ഒരിടം. അവിടെ പഴയൊരു നാലുകെട്ടിനകത്ത് കോലായില്‍ നാട്ടുവൈദ്യന്‍ ഇരിക്കുന്നു. നാഡിമിടിപ്പ് പരിശോധിക്കാനെന്നവണ്ണം ഉയര്‍ന്നിരിക്കുന്ന കൈകള്‍. ആ കൈകള്‍ക്കിടയില്‍ നിങ്ങള്‍ കൈവെച്ചാല്‍ വൈദ്യന്‍ നിങ്ങളെ പരിശോധിക്കുന്നമട്ട്. വല്ലാതെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഇടം. മുറ്റത്ത് അപൂര്‍വമായ ഔഷധസസ്യങ്ങള്‍. കൂട്ടത്തില്‍ അത്യപൂര്‍വമായ മരമഞ്ഞളിനെ ഈ സ്ഥാപനത്തിലെ മുരളീധരന്‍ ഉണ്ണിത്താന്‍ ഞങ്ങള്‍ക്ക് കാട്ടിത്തന്നു. അവയ്ക്കിടയിലൂടെ ഒരു കുഞ്ഞരുവി ഒഴുകുന്നു.

എത്ര ചെറിയ ഗ്രൂപ്പിനും ഈ ഗാര്‍ഡനില്‍ സഞ്ചരിക്കാന്‍ വഴികാട്ടിയുണ്ടാവും. അവര്‍ വിചിത്രങ്ങളായ ചെടികളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തും. അറിവാണ് ഈ യാത്രയെ ആനന്ദമാക്കുന്നത്. കുറഞ്ഞത് നാല് മണിക്കൂറെങ്കിലും വേണം ഓട്ടപ്രദക്ഷിണത്തിന്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ സസ്യജാതികളെ സംരക്ഷിച്ചിരിക്കുന്ന ഇവിടെ സ്‌കൂളുകളിലും കോളേജുകളിലും നിന്ന് പഠന സംഘങ്ങളായി ഒട്ടേറെപ്പേര്‍ നിത്യേന എത്തുന്നത് ഈ ആനന്ദത്തിനാണ്. എത്രപേര്‍ വന്നാലും സന്തോഷമേയുള്ളൂവെന്ന് ബൊട്ടാണിക് ഗാര്‍ഡന്റെ ഡയറക്ടര്‍ ഡോ. എ. സുബ്രഹ്മണ്യന്‍ പറയുന്നത്ആതിഥേയന്റെ നിറഞ്ഞ മനസ്സോടെയാണ്.

തിരുവനന്തപുരം-പാലോട്: 32 കി.മീ., പാലോട് - ടി.ബി.ജി.ആര്‍.ഐ.: 7 കി.മീ., പാലോട്ടുനിന്ന് മടത്തറ വഴിയുള്ള ബസ്സില്‍ ടി.ബി.ജി.ആര്‍.ഐ. ജങ്ഷനില്‍ ഇറങ്ങാം.

പ്രവേശനസമയം: രാവിലെ 9.30 മുതല്‍, മൂന്നുവരെ. ശനിയും ഞായറും സന്ദര്‍ശിക്കാം. മറ്റ് സര്‍ക്കാര്‍ അവധിദിവസങ്ങളില്‍ സന്ദര്‍ശനം അനുവദിക്കില്ല.

വിലാസം: ടി.ബി.ജി.ആര്‍.ഐ, കരിമാന്‍കോട് പി.ഒ., പച്ച, പാലോട്-695562.

ഫോണ്‍: 0472-2869626, 2869628.

വെബ്ബ്‌സൈറ്റ് - www.tbgri.in

No comments: